Thursday, May 21, 2015

"ഒരു ലിഫ്റ്റ്‌ ദുരന്ത കഥ"

ഒരു വെള്ളിയാഴ്ച ദിവസം. ഉറങ്ങി എണീക്കാൻ കുറച്ച് സമയം വൈകി .
പള്ളീൽ പോവാൻ വേണ്ടി ഞാനും സുഹൃത്ത് വാസിലും പെട്ടെന്ന് കുളിച്ചു റെഡിയായി. രണ്ടാം നിലയിലെ ഫ്ലാറ്റിൽ നിന്നും പെട്ടെന്ന് ഓടി താഴത്തെ നിലയിലേക്ക് പോവാൻ ലിഫ്റ്റിൽ കേറി .

കുറച്ചു കഴിഞ്ഞതും ലിഫ്ടിനകത്തെ ലൈറ്റ് ഡിം .

രണ്ടു പേരും മുഖത്തോട് മുഖം നോക്കി പറഞ്ഞു "പടച്ചോനെ കറന്റ് പോയല്ലോ. പണികിട്ടീ "

ബിൽഡിംഗ്‌ വാച്ച്മാനെ വിളിക്കാനായി ഫോണ്‍ എടുത്തപ്പോ ഫോണിൽ "നോ സർവീസ്".

അപ്പോൾ വാസിൽ ഫോണിലെ ടോർച്ച് ഓണാക്കി ലിഫ്റ്റിൽ എഴുതി വെച്ച Instructions വായിക്കാൻ തുടങ്ങി.

"In case the power fails , the lift will automatically move to next floor ..............................." അങ്ങനെ അങ്ങനെ.

 ദേഷ്യം വന്ന വാസിൽ "പണ്ടാരം,ഇതിൽ അടുത്ത ഫ്ലോരിലേക്ക് പോവൂന്ന് എഴുതി വെച്ചിട്ടുണ്ടല്ലോ .പിന്നെന്താ പോവാത്തെ ?" എന്നും പറഞ്ഞു കൊണ്ട് ലിഫ്റ്റിന്റെ ഡോർ അവന്റെ സകല ശക്തിയും എടുത്ത് തുറക്കാൻ ശ്രമിച്ചു.

ഇത് കണ്ട ഞാൻ "ഡാ നീ ഭ്രാന്ത് കാണിക്കല്ലേ...നമ്മൾ ചിലപ്പോൾ രണ്ടു ഫ്ലോറിന്റെ നടുവിൽ ആവും. തുറന്നാൽ പണി കിട്ടും"

അപ്പോൾ വാസിൽ "അപ്പൊ പിന്നെന്താ ചെയ്യാ.പള്ളീൽ നിസ്കാരം തുടങ്ങീട്ടിണ്ടാവുമല്ലോ "

വാസിൽ ആ Instructions വീണ്ടും വായിക്കാൻ തുടങ്ങി .

 "...................if not keep pressing the alarm button "

എന്നിട്ട് എന്നോട് അലാറം അടിക്കാൻ പറഞ്ഞു.

ഞാൻ അലാറം അടിക്കാൻ തുടങ്ങി .

  "ചങ്ങായീ ഇങ്ങനെ അടിച്ചാൽ മതിയാവൂല്ല" എന്നും പറഞ്ഞ് വാസിൽ നിർത്താതെ അലാറം അടിക്കാൻ തുടങ്ങി.

അതിന്റെ ഇടയിൽ ഞാൻ ലിഫ്റ്റ്‌ ഡോർ തുറക്കാനുള്ള ബട്ടണ്‍ അമര്ത്തിയതും ലിഫ്റ്റിന്റെ ഡോർ അതാ തുറക്കുന്നു.

 "ഹാവൂ രക്ഷപ്പെട്ടല്ലോ"ന്നും പറഞ്ഞ് പുറത്തേക്കിറങ്ങി നോക്കിയപ്പോൾ ഞങ്ങൾ കേറിയാ അതെ ഫ്ലോർ.


ഗുണപാഠം: ലിഫ്റ്റിൽ കയറിയ ഉടനെ പോവേണ്ട ഫ്ലോറിന്റെ ബട്ടണ്‍ അമർത്താതിരുന്നാൽ ലിഫ്റ്റ്‌ എവ്ടെയും പോവൂല്ല.കുറച്ച് കഴിയുമ്പോൾ ലൈറ്റ് ഓഫാവും.പിന്നെ കറന്റു പോയതാന്നും പറഞ്ഞു വെപ്രാളപ്പെടാൻ നിന്നാൽ ഞങ്ങളെപ്പോലെ "പ്ലിങ്ങും".

Sunday, March 8, 2015

അമ്മായിയമ്മേടെ പാൽപ്പൊടി...

മസ്കറ്റിൽ ഞങ്ങളുടെ ഇടയിലുണ്ടാവരുള്ള ചെറിയ ചർച്ചകളെക്കുറിച്ച്   ഞാൻ "ഫീമന്റെ ഫ" എന്നൊരു പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.ആ ചര്ച്ചകളിലെ പ്രധാന കഥാപാത്രമാണ് Mr . ജിജോ .

ഇത് കുറച്ചു  മുമ്പ് നടന്ന സംഭവമാണ്.

ഒരു ദിവസം ഞങ്ങള്‍ വട്ടമേശ സമ്മേളനത്തില്‍ ആഗോള രാഷ്‌ട്രീയ  കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു.അമേരിക്കയും തീവ്രവാദവും ഒക്കെയായിരുന്നു ചര്‍ച്ചാ വിഷയം. ഒസാമാ ബിന്‍ ലാദനെ അമേരിക്കന്‍ പട്ടാളം പാകിസ്ഥാനില്‍ വെച്ച് പിടിച്ചു കൊന്നതിനെക്കുറിച്ചു കൂലങ്കഷമായ ചര്‍ച്ച നടക്കുന്നതിനിടയില്‍ നമ്മുടെ ജിജോയുടെ വക ചോദ്യം.

"അപ്പോള്‍ ലാദന്‍ അന്ന്  മരിച്ചില്ലായിരുന്നോ?"
"എന്ന്?"
"അന്ന് ആ സെപ്റ്റംബര്‍ 11 നു ലാദനല്ലേ വിമാനം പറത്തി വേള്‍ഡ് ട്രേഡ് സെന്റെറില്‍ ഇടിച്ചത്?.എന്നിട്ടും അയാള്‍ മരിച്ചില്ലേ?"


ഇതാണ് കക്ഷി......

തീര്‍ന്നില്ല.

നമ്മുടെ ജിജോ നാട്ടിലായിരുന്ന സമയം.പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതെ തേരാ പാരാ നടക്കുന്ന സമയം. ക്ലബ്ബില്‍ പോയി കാരംസ് കളിക്കുകയാണ് മൂപ്പരുടെ മെയിന്‍ പരിപാടി. ക്ലബ്ബിലേക്ക് കക്ഷിയുടെ വീട്ടില്‍ നിന്നും രണ്ടു സ്റ്റോപ്പിന്റെ ദൂരം ഉണ്ട്.ഒരു കള്ളി മുണ്ടും ടീ ഷര്‍ട്ടും ഇട്ടോണ്ട് കക്ഷി ബസ്സില്‍ കേറി ഡോറിന്റെ  അടുത്ത നിക്കുകയാ..കണ്ടക്ടര്‍ എത്തി..

"ടിക്കെറ്റ് എടുത്തോ?"
"ഇല്ല"

"എങ്ങൊട്ടേക്കാ?"
അപ്പോൾ ജിജോയുടെ മറുപടി
"ഞാൻ എന്നാത്തിനാ ടിക്കറ്റ് എടുക്കുന്നെ?.എന്നെ കണ്ടാല്‍ അറിഞ്ഞൂടെ ഞാന്‍ യാത്ര പോവാനോന്നും
വന്നതല്ലാന്ന്.ഞാന്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങും "

അപ്പൊ കക്ഷിയെക്കുറിച്ച്  ഏകദേശം  ഐഡിയ കിട്ടിക്കാണുമല്ലോ... 

ഇനി നമ്മൾ കാര്യത്തിലേക്ക് കടക്കാം.

ഇപ്പോൾ ജിജോ കല്യാണം ഒക്കെ കഴിഞ്ഞു ഫാമിലിയായി മസ്കറ്റിൽ താമസിക്കുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം മൂപ്പരുടെ ഭാര്യ നാട്ടിലേക്ക് പോവാൻ ടിക്കറ്റ്‌ എടുത്തു.ഭാര്യ മാത്രമേ പോവുന്നുള്ളൂ. ജിജോ നാട്ടിൽ വിളിച്ച അവന്റെ വീട്ടിലും ഭാര്യ വീട്ടില്മൊക്കെ എന്തേലും സാധനം കൊടുത്തയക്കണോ എന്നൊക്കെ അന്വേഷിച്ചു.ചെറിയൊരു ലിസ്റ്റ് തന്നെയുണ്ടാക്കി. അങ്ങനെ ഞങ്ങൾ എല്ലാരും കൂടി ലുലുവിൽ അവന്റെയും ഭാര്യയുടെയും കൂടെ സാധനങ്ങൾ വാങ്ങാൻ പോയി.ചോക്ലേറ്റുകളും മറ്റുമൊക്കെ അവൻ ട്രോളിയിലെക്ക് എടുത്ത് വെച്ച്.പിന്നെ നിഡോ  . അത് കഴിഞ്ഞ്  അവന്റെ ചോദ്യം..


"ഈ ഡ്രെസ്സൊക്കെ തൂക്കിയിടുന്ന ഹാങ്ങർ ഏതു  സെക്ഷനിൽ  കിട്ടും?"

ഞങ്ങൾ ചോദിച്ചു..
"ജിജോ..നാട്ടിലേക്ക് അതൊക്കെ എന്തിനാ കൊണ്ട് പോവുന്നത്?"


"അമ്മായിയമ്മ പറഞ്ഞിട്ടുണ്ട് കൊണ്ട് പോവാൻ" എന്ന് അവൻ.

അപ്പോൾ അവന്റെ ഭാര്യക്ക്  സംശയം" എന്റെ അമ്മ ഹാങ്ങർ കൊണ്ട് പോവാൻ പറഞ്ഞോ?"
"ആ പറഞ്ഞെടീ. ഹാങ്ങരും പിന്നെ
പാൽപ്പൊടിയും വേണോന്ന അമ്മ പറഞ്ഞത്"

അങ്ങനെ ജിജോ അത്രക്ക് ഉറപ്പിച്ചു പറഞ്ഞത് കൊണ്ട് നല്ല സ്റ്റൈൽ ഉള്ള വില കൂടിയ ഹാങ്ങർ തന്നെ ഞങ്ങൾ വാങ്ങിച്ചു.
പെട്ടിയൊക്കെ പായ്ക്ക് ചെയ്ത് ഭാര്യ നാട്ടിലേക്ക് പറന്നു.

നാട്ടിലെത്തിയ ഭാര്യ പെട്ടി തുറന്നു.അമ്മയുടെ കയ്യിൽ ആവശ്യപ്പെട്ട
പാൽപ്പൊടിയും ഹാങ്ങറും   കൊടുത്തു.
അപ്പോൾ അമ്മ..
"ഇതാർക്കാ  ഹാങ്ങർ?"
"അച്ചാച്ചൻ പറഞ്ഞല്ലോ അമ്മ പാൽപ്പൊടിയും  ഹാങ്ങറും  കൊണ്ട്  വരാൻ പറഞ്ഞിട്ടുണ്ടെന്നു"
അത് കേട്ടതും അമ്മ ചിരിയോടു ചിരി.കാര്യം അന്വേഷിച്ചപ്പോളാണ്  സംഗതി മനസ്സിലായത്..അമ്മ കൊണ്ട് വരൻ പറഞ്ഞത് "Anchor " കമ്പനീടെ പാൽപ്പൊടി   മാത്രം. 

നമ്മുടെ ജിജോ വാങ്ങിച്ചു കൊടുത്തോ..നിഡോ പാൽപ്പൊടിയും  പിന്നെ നല്ല കിടിലൻ ഡ്രസ്സ്‌ ഹാങ്ങരും.. 

Tuesday, August 14, 2012

ഓണ്‍ലൈന്‍ ലോകത്തെ കപട മതേതരവാദികള്‍


കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മാധ്യമം പത്രത്തില്‍ വന്ന അബ്ദുല്‍ നാസര്‍ മദനിയെക്കുറിച്ചുള്ള പരമ്പരയാണ് ഈ ഒരു പോസ്റ്റ്‌ ഇടാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഒരാള്‍ ഒന്‍പതു വര്‍ഷക്കാലം വിചാരണ തടവുകാരനായി ജയിലില്‍ കഴിയുക.ജാമ്യം പോലും നല്‍കാതെ നീണ്ട വിചാരണയ്ക്ക് ശേഷം ഒരു സുപ്രഭാതത്തില്‍ അയാള്‍ക്കെതിരെ തെളിവില്ല എന്ന് കണ്ടു കുറ്റവിമുക്തനാക്കുക. ജയില്‍ മോചിതനായ ശേഷം പൊതു  രംഗത്ത്  സജീവമായ്  നിന്നിരുന്ന ആ മനുഷ്യനെ വീണ്ടും സമാനമായ കേസില്‍  അറസ്റ്റു ചെയ്തു ജയിലില്‍ ഇടുക.വീണ്ടും നീണ്ട ജാമ്യമില്ല വിചാരണ. 
എവിടെയാണ് ഇന്ത്യന്‍ നീതി പീടത്തിന്റെ വിശ്വാസ്യത?


ഇന്ത്യയുടെ പരമോന്നത നീതി പീഠം ഒരിക്കല്‍ പറയുകയുണ്ടായി "വര്‍ഗ്ഗീയതയാണ് ഈ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി" എന്ന്.സ്വന്തം മതത്തെ,അല്ലെങ്കില്‍ ജാതിയെ അന്ധമായി ന്യാകരിക്കുകയും അന്യ മതസ്ഥരെ ഉപദ്രവിക്കുകയും അവര്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും വലിയ വര്‍ഗ്ഗീയത.
അബ്ദുന്നാസര്‍ മദനിക്ക് നീതി ലഭിക്കാന്‍ വേണ്ടി ഇന്ന് കേരളത്തില്‍ സംസാരിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇല്ല എന്നതാണ് ഏറ്റവും വലിയ തമാശ. PDP എന്ന പാര്‍ട്ടിയുടെ വോട്ടിനു വേണ്ടി വേദി പങ്കിട്ട സിപിഎം മുതല്‍ മുസ്ലിങ്ങള്‍ക്ക്‌ വേണ്ടി ശബ്ദിക്കുന്ന ലീഗ് പോലും അദ്ദേഹത്തിന് വേണ്ടി വാദിക്കുന്നില്ല.എല്ലാവരും പറയുന്നു നിയമം നിയമത്തിന്റെ വഴിക്ക് പോവട്ടെ എന്ന്. മദനി കുറ്റക്കാരനാണോ അല്ലയോ എന്ന് വിധിക്കേണ്ടത് കോടതിയാണ്.പക്ഷെ വൈകി ലഭിക്കുന്ന നീതി, നീതി നിഷേധം തന്നെയാണ്. ഒന്‍പതു വര്‍ഷക്കാലം ഒരാള്‍ ജയിലരയ്ക്കുള്ളില്‍ കഴിഞ്ഞു അനുഭവിച്ച കഷ്ടപ്പാടിനു നഷ്ടപരിഹാരം നല്‍കാന്‍ നമുക്കായിട്ടില്ല.വെറും 47 വയസ്സ് മാത്രം പ്രായമുള്ള , ആരോഗ്യം ഇല്ലാതെ കാഴ്ച ശക്തിയുടെ 75 % നഷ്ടപ്പെട്ടു നില്‍ക്കുന്ന ആ മനുഷ്യന് വേണ്ടി വാദിക്കുന്നത് വര്‍ഗ്ഗീയതആണെങ്കില്‍, ഞാന്‍ ആ വര്‍ഗ്ഗീയ  വാദികളുടെ  കൂട്ടത്തില്‍ കൂടുവാന്‍ ഇഷ്ടപ്പെടുന്നു.  
എന്ടോസള്‍ഫാന്റെ  കാര്യത്തിലായാലും,മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആയാലും അഴിമതി വിരുദ്ധ സമരത്തിലായാലും നമ്മള്‍ ഒരുപാട് ലൈകും ഷെയറും ചെയ്തു നമ്മുടെ പിന്തുണ നല്‍കിയിട്ടുണ്ട്. പക്ഷെ മദനിയുടെ കാര്യത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഗനത്തിന്റെ    കാര്യത്തില്‍ ശബ്ദം ഉയര്‍ത്താന്‍ നമ്മളില്‍ പലരും മടിക്കുന്നു.
ആധുനിക സോഷ്യല്‍ മീഡിയ ലോകത്ത് ഒരാളുടെ നിലപാട് തുറന്നു കാട്ടാന്‍ വളരെ എളുപ്പമാണ്. എന്തിനും ഏതിനും സാമൂഹ്യ ബോധമുള്ളവര്‍ എന്ന് സ്വയം കരുതുന്ന ആധുനിക യുവത പ്രതികരിക്കാന്‍ മിടുക്കരാണ്.പക്ഷെ അബ്ദുന്നാസര്‍ മദനിയുടെ  വിചാരണ കൂടാതെയുള്ള തടവിനെക്കുറിച്ചു ആരും മിണ്ടരുത് പറയരുത് കാരണം മദനി  അത് അര്‍ഹിക്കുന്നുണ്ട് എന്ന നിലപാട് പലരിലും  കാണാന്‍ സാധിച്ചത്. മദനിക്ക് വേണ്ടി നിലപാട് സ്വീകരിക്കാന്‍ പലരും മടിക്കുന്നതിന്റെ കാരണം 'ഇങ്ങനെ ഒരാള്‍ക്ക്‌ വേണ്ടി താന്‍ വല്ലതും സംസാരിച്ചാല്‍ സ്വന്തം സുഹൃത്തുക്കളുടെ മുന്നില്‍ തന്റെ ഇമേജിന് കോട്ടം തട്ടുമോ' എന്ന ഭയമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഇവിടെയാണ്‌ സോഷ്യല്‍ അക്ടിവിസ്ടുകളുടെ കപട മതേതര മുഖം വെളിവാകുന്നത്. സ്വന്തം മനസ്സാക്ഷിയോട്‌ ചോദിച്ചു നിലപാട് എടുക്കുകയും അത് ആര്‍ജ്ജവത്തോടെ തുറന്നു പറയാനും കഴിയുന്ന നട്ടെല്ല്  പലര്‍ക്കും ഇല്ല.ആ നട്ടെല്ലുള്ള  യുവതെയാണ് നമുക്ക് വേണ്ടത്.
മദനി തെറ്റുകാരനായിരിക്കാം അല്ലായിരിക്കാം.പക്ഷെ ജാമ്യം പോലും ഇല്ലാതെ ഒരിക്കല്‍ നീതി പീഠം നടത്തിയ അതെ വഴിയില്‍ കൂടി വീണ്ടും നടത്തിക്കുമ്പോള്‍ കയ്യും കെട്ടി നോക്കി നിക്കുന്നത് ആപത്താണ്.മദനി വിഷയം ഒരിക്കലും ഒരു വര്‍ഗ്ഗീയ വിഷയം അല്ല.അത് ഒരാള്‍ക്ക്‌ ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധത്തിന്റെ കരിപുരണ്ട അധ്യായമാണ്.അത് കാണാതെ നമ്മള്‍ പോവുന്നു എങ്കില്‍,അതിനു നമ്മള്‍ വര്‍ഗ്ഗീയ മാനം നല്‍കുന്നു എങ്കില്‍ നമ്മിലെ മനുഷ്വത്വം എന്നെ മരിച്ചു പോയിരിക്കുന്നു.ആര്‍ക്കും തിരുത്താന്‍ കഴിയാത്ത വിധം നമ്മള്‍ വര്‍ഗ്ഗീയമായി വിഭജിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

PART-1-ഈ മനുഷ്യനെ ഇനിയും എത്രനാള്‍ വേട്ടയാടും

PART-2-പ്രതിചേര്‍ക്കലിനു പിന്നിലെ തിരക്കഥ

PART-3-ഐ.സി.യുവില്‍നിന്ന് ‘സാക്ഷി’മൊഴി

PART-4-കേസുകള്‍, കുരുക്കുകള്‍

 ‘നീതി അകലെയാണ് ’ 

കണ്ണുതുറപ്പിക്കാനാവുമോ ഈ കണ്ണുനീര്‍തുള്ളികള്‍ക്ക്

‘ഇത്രക്ക് അനുഭവിക്കാന്‍ അദ്ദേഹം എന്തു തെറ്റാണ് ചെയ്തത്?’

മഅ്ദനി: നിയമത്തെ വഴിക്കു വിടുമോ?

 

 

Sunday, June 3, 2012

ഫസിഹ് മഹ്മൂദ് എവിടെ?

താടി വെച്ച ആ ചെറുപ്പക്കാരന പലപ്പോഴും ഞാന്‍ കോളേജിന്റെയും ഹോസ്റ്റലിന്റെയും  പരിസരത്ത് കണ്ടിട്ടുണ്ട്.ആ വാര്‍ത്തയിലെ ചിത്രത്തിലെ മുഖം, ഞാന്‍ കണ്ട, ഞാന്‍ അറിയുന്ന ഫസിഹ് മഹ്മൂദ് ആണല്ലോ എന്നറിഞ്ഞപ്പോള്‍ സത്യത്തില്‍ തോന്നിയത് ഞെട്ടല്‍ ആയിരുന്നു.ഞാന്‍ പഠിച്ച കര്‍ണാടകയിലെ ഭട്കള്‍ അന്ജുമാന്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥി ആയിരുന്നു ഇന്ന് മാധ്യമങ്ങളില്‍ കൂടി പരിചിതനായ ഫസിഹ് മഹ്മൂദ് .
ആരാണ് ഫസിഹ്?
ബീഹാര്‍ സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനീയര്‍.കഴിഞ്ഞ മേയ് 13 ആം തിയ്യതി വരെ സൗദി അറേബ്യയിലെ ജുബൈലില്‍ ജോലി ചെയ്യുകയായിരുന്നു. ഇന്ന് ഫസിഹിന്റെ ഭാര്യ നിഖാത് പര്‍വീണ്‍ ഭര്‍ത്താവിനെക്കുറിച്ചുള്ള  വിവരം അറിയാതെ  സുപ്രീം കോടതിയില്‍ കയറി ഇറങ്ങുകയാണ്.കേന്ദ്ര സര്‍ക്കാര്‍ പറയുന്നു ഫസിഹ് എവിടെയാണെന്ന് ഞങ്ങള്‍ക്കറിയില്ല എന്ന്.
എന്താണ് ഫസിഹ് അഹമ്മദിന് സംഭവിച്ചത്?
അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു ഫസിഹ് മഹ്മൂദ് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടനയിലെ പ്രധാനിയാണെന്ന്. ബംഗാളുരു ചിന്നസ്വാമി സ്റ്റെടിയത്തില്‍ നടന്ന  സ്ഫോടനക്കേസിലെ പ്രതി. കഴിഞ്ഞ മേയ് മാസം 13 ആം തിയ്യതി ഒരു അണ്ടര്‍ കവര്‍ ഒപരെഷനില്‍   കൂടി ഫസിഹ് മഹ്മൂദ് നെ NIA ഇന്ത്യയിലേക്ക്‌ എത്തിച്ചു എന്നും ബാംഗ്ലൂര്‍ പോലീസ് ചോദ്യം ചെയ്തിരുന്നു എന്നും  ഫസിഹിന്റെ കുടുംബം പറയുന്നു.പക്ഷെ ഇന്ത്യയിലെ ഒരു അന്വേഷണ ഏജന്‍സിയും ആ വാര്‍ത്ത സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല.ഇന്റെല്ലിജെന്‍സ്  ബ്യൂറോ  പറയുന്നു ഫസിഹ് ഇപ്പോഴും ജുബൈലില്‍ തന്നെ ആണെന്ന്.അവര്‍ പറയുന്നു ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ ഫസിഹ് മഹ്മൂദ് ഉള്‍പ്പെട്ടിട്ടുണ്ട്  എന്നതിന് യാതൊരു തെളിവും അവരുടെ കയ്യില്‍ ഇല്ല, എങ്കിലും ഫസിഹ് മഹ്മൂദ് ചോദ്യം ചെയ്യാനായി ഇന്ത്യയിലേക്ക്‌ കൊണ്ട് വരാന്‍ വേണ്ടി സൗദി അധികൃതരുമായി ബന്ധപ്പെടും എന്നും.
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ ഫസിഹിന്റെ നാട്ടുകാരനായ കഫീല്‍ അഖ്തര്‍ ഇപ്പോള്‍ ബാംഗ്ലൂര്‍ പോലീസിന്റെ കസ്റ്റൊടിയില്‍ ആണ്.അയാളുടെ ഫോണില്‍ നിന്നും ഫസിഹിന്റെ നമ്പര്‍ കിട്ടി എന്നും അത് കൊണ്ട് ഫസിഹ് മഹ്മൂദ് ന് ഈ സംഭവത്തില്‍ ബന്ധം ഉണ്ടാവാനുള്ള സാധ്യത  ഉണ്ട് എന്നും ആണ് പോലീസ് ഭാഷ്യം.ഫസിഹ് മഹ്മൂദ് സാമ്പത്തികമായി സ്ഫോടനത്തിന് സഹായിച്ചിരിക്കാം എന്നാണു പോലീസ് പറയുന്നത്.മാത്രമല്ല ഇന്ത്യന്‍ മുജാഹിദീന്‍ എന്നാ തീവ്രവാദി സംഘടനയുടെ ദക്ഷിണേന്ത്യന്‍ അമരക്കാരായ റിയാസ്,യാസീന്‍,ഇക്ബാല്‍ തുടങ്ങിയവരുടെ നാടായ ഭാട്കളില്‍ എഞ്ചിനീയറിംഗ് കഴിഞ്ഞത്.അത് കൊണ്ട് അവരുമായി അക്കാലത്ത് ബന്ധം ഉണ്ടായിരുന്നു എന്നും പറയുന്നു!!
കഴിഞ്ഞ മേയ് പതിമൂന്നാം തീയ്യതി ജുബൈലിലെ വീട്ടില്‍ നിന്നും സിവില്‍ വസ്ത്രധാരികളായ ഇന്ത്യന്‍ സൗദി പൌരന്മാര്‍ ചേര്‍ന്ന് ഫസിഹ് മഹ്മൂദ് നെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇന്ത്യയില്‍ നിന്നും വന്ന അന്വേഷണ ഉദ്യോഗസ്ഥരായിരുന്നു  അവര്‍ എന്നാണു ഫസിഹിന്റെ ഭാര്യ പറയുന്നത്.ഫസിഹിന്റെ ഭാര്യ നിഖാത് പര്‍വീണിനെ ഒരു അറബ് സത്രീ  റൂമില്‍ ല്‍ തടഞ്ഞു വെക്കുകയും ചെയ്തു എന്നും റിപ്പോര്‍ട്ട്‌ ഉണ്ട്. പിന്നീട് അവരെ ഇന്ത്യയിലേക്ക്‌ അയച്ചു. അന്ന് മുതല്‍ കാണാതായ ഫസിഹ് മഹ്മൂദ് നെ ഇന്ന് വരെ കണ്ടെത്താനായിട്ടില്ല. സുപ്രീം കോടതിയില്‍ നിഖാത് നല്‍കിയ ഹരജിക്ക് മറുപടിയായി കേന്ദ്ര മന്ത്രി ചിദംബരം പറഞ്ഞത് ഫസിഹിനെ ഇന്ത്യയിലെ ഒരു അന്വേഷണ ഏജന്‍സിയും കസ്റ്റഡിയില്‍
എടുത്തിട്ടില്ല എന്നാണു.പിന്നെ ഫസിഹ് എവിടെ?ഉത്തരം പറയാനുള്ള ബാധ്യത ഇന്ത്യന്‍ ഭരണകൂടത്തിനുണ്ട്.കൊലക്കേസില്‍ പ്രതിയായ സ്വന്തം പൌരന്മാര്‍ക്ക് വേണ്ടി ഇന്ത്യയില്‍ തമ്പടിച്ചു വാദിക്കുന്ന ഇറ്റാലിയന്‍ അധികൃതരില്‍ നിന്നും ഇന്ത്യന്‍ ഭരണകൂടം ഒരുപാട് പഠിക്കാനുണ്ട്. സ്വന്തം ജനതയ്ക്ക് ഭരണകൂടം കല്‍പ്പിക്കുന്ന വില എന്താണെന്ന് മനസ്സിലാക്കാന്‍ സുപ്രീം കോടതിയില്‍ കേന്ദ്ര അഭിഭാഷകര്‍  പുലര്‍ത്തുന്ന നിസ്സംഗത  കണ്ടാല്‍ മനസ്സിലാവും.
ഫസിഹ് മഹ്മൂദ് ഇത്തരം  ഒരു കേസില്‍ അന്വേഷിക്കപെടുന്ന വ്യക്തിയാണ് എന്ന് വിശ്വസിക്കാന്‍ എനിക്ക് ഇത് വരെ സാധിച്ചിട്ടില്ല. ഫസിഹിനു ബാംഗ്ലൂര്‍  സ്ഫോടനക്കേസില്‍ ഏതെങ്കിലും തരത്തില്‍ ബന്ധം ഉണ്ട് എങ്കില്‍ ശിക്ഷിക്കപെടുക തന്നെ വേണം.പക്ഷെ ഫസിഹ് മഹ്മൂദ് നെതിരെ  പല കോണുകളില്‍ നിന്നും പല പുതിയ ആരോപണങ്ങളും ഉണ്ടാവുമ്പോള്‍ വീണ്ടും ഒരു തീവ്രവാദി കൂടി "സൃഷ്ടിക്കപെടുകയാണോ " എന്ന സംശയം ഇല്ലാതില്ല.റിയാസ് ഭാട്കലിന്റെ നാട്ടില്‍  പഠിച്ചതാണ് ഫസിഹിനു തീവ്രവാദി ആവാനുള്ള  യോഗ്യത എങ്കില്‍ വേറെയും ഒരുപാട് തീവ്രവാദികള്‍ കാണും. താടി വെച്ചവനെ തീവ്രവാദിയാക്കാന്‍ ഇന്ന് വളരെ എളുപ്പമാണല്ലോ.


കൂടുതല്‍ വായനയ്ക്ക്  
ഫസീഹിന്‍െറ കസ്റ്റഡിയില്‍ ദുരൂഹതയേറി
ഫസീഹിന്റെ വിവരം നല്‍കിയില്ല; കേന്ദ്രത്തിന് കോടതിയുടെ വിമര്‍ശം

Thursday, March 29, 2012

കോട്ടയത്തെ 22 വയസ്സുകാരി പെണ്‍കുട്ടി ...

2011 ല്‍ ഇറങ്ങിയ മലയാള സിനിമകളില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രമായിരുന്നു 'സാള്‍ട്ട് n പെപ്പെര്‍'. ആഷിഖ് അബു എന്ന യുവ സംവിധായകന്റെ കരിയറിലെ പൊന്‍തൂവല്‍ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രം .ഒരു കൊച്ചു കഥയെ എങ്ങനെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചു വാണിജ്യ വിജയം നേടാമെന്ന് തെളിയിക്കുകായിരുന്നു ആഷിഖ്.അദ്ദേഹത്തിന്റെ പുതിയ സിനിമ "22 Female Kottayam " ഏപ്രില്‍ പതിമൂന്നിനു റിലീസ് ആവാന്‍ ഇരിക്കുകയാണ്.അതിനു അദ്ദേഹം സ്വീകരിച്ചിരിക്കുന്നത് പുതിയ പരസ്യ രീതിയാണ്.മലയാളികളുടെ ഞരമ്പ്‌ രോഗം എങ്ങനെ സ്വന്തം സിനിമയുടെ പരസ്യത്തിനു ഉപയോഗിക്കാം എന്ന് കാണിച്ചു തരികയാണ് ''22FK '' യുടെ പ്രൊമോ വീഡിയോകളിലൂടെ ആഷിഖ് അബു . "Aunty in Blue Saree ", "24 year old girl in the bus ", "Two girls & a women " തുടങ്ങിയ പേരുകള്‍ പ്രൊമോ വീഡിയോകള്‍ക്ക് നല്‍കിയതിനു പിന്നിലുള്ള ചിന്ത അപാരം.പുതു തലമുറയുടെ ഏറ്റവും വല്ല്യ കൂട്ടുകാരായ Facebook , YouTube തുടങ്ങിയ മാധ്യമങ്ങളെ ഏറ്റവും നല്ല രീതിയില്‍ ഈ സിനിമയുടെ പ്രൊമോഷന് വേണ്ടി ആഷിഖ് അബുവും അദ്ദേഹത്തിന്റെ പരസ്യ നിര്‍മ്മാതാക്കളായ പപ്പായ മീഡിയയും ഉപയോഗിച്ചിട്ടുണ്ട്.അവിയല്‍ ഒരുക്കിയ സിനിമയുടെ ഗാനം ആഷിക് റിലീസ് ചെയ്തത് തന്നെ സ്വന്തം Facebook പേജില്‍ കൂടിയായിരുന്നു. 
വളരെ വ്യത്യസ്തമായ പോസ്റ്ററുകള്‍ ആണ് സിനിമയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.

ഒറ്റ നോട്ടത്തില്‍ തന്നെ ഒരു സ്ത്രീപക്ഷ സിനിമയാണ് എന്ന് തോന്നിപ്പിക്കുന്ന സിനിമയുടെ ഉള്ളടക്കം എന്താണെന്നറിയാന്‍ ഏപ്രില്‍ 13 വരെ കാത്തിരുന്നേ പറ്റൂ.